കൊല്ലം , പത്തനംതിട്ട ജില്ലകൾ അതിർത്തി പങ്കിടുന്ന നിലയ്ക്കൽ എന്ന ഈ കൊച്ചു ദേശത്തിന്റെ സുഖ ദുഃഖ സമ്മിശ്രമായ ജീവിത ഗതികൾക്കൊപ്പം സഞ്ചരിച്ച് കലാ സാംസ്കാരിക സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത മനിഷ എന്ന ത്രയക്ഷരം ജനഹ്യദയങ്ങളിൽ സൃഷ്ടിച്ച ചലനങ്ങൾ ചെറുതൊന്നുമല്ല.
1972 ൽ രൂപീകൃതമായ മഹത്തായ ഈ സാംസ്കാരിക പ്രസ്ഥാനം പിന്നിട്ടത് ധന്യതയുടെ 47 വർഷങ്ങൾ, നാടകങ്ങളും കഥാപ്രസംഗങ്ങളും സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയായി മാറിയ കാലത്താണ് മനീഷയുടെ പിറവി. കടമ്പനാട് മണി എന്ന നാടകകൃത്തും എ. രാജപ്പൻ എന്ന കാഥികനും എസ്.സലിം എന്ന നടനും സതീഷ് ചന്ദ്രൻ എന്ന നാടകകൃത്തും പി.കെ. രാജൻ. ബാലാജി, മനീഷ സുരേന്ദ്രൻ എന്നീ ആർട്ടിസ്റ്റുകളും മുതൽ പിൻതലമുറയിൽപ്പെട്ട സുബിൻ സുരേഷ്, സന്ദീപ് മനീഷ, സുരാജ് കടമ്പനാട് വരെയുള്ള കലാകാരന്മാരെയും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരേയും സൃഷ്ടിച്ചത് മനീഷയാണ്.
ദേശാതിർത്തികൾ കടന്ന് നാടക മത്സരങ്ങൾക്കായി പോയ ഒരു കാലം. സിനിമാ തീയറ്ററുകൾ വാടകയ്ക്കെടുത്ത് കടമ്പനാട് മണിയുടെ നാടകങ്ങൾ ടിക്കറ്റ്
പ്രോഗ്രാമായി അവതരിപ്പിച്ച കാലം. അങ്ങനെ രണ്ട് ദശകങ്ങൾ. പിന്നീട് തൊണ്ണൂറുകളിൽ അമച്വർ നാടക മത്സരങ്ങളുടെ കാലത്ത് നിരവധി നാടകങ്ങളുമായി മത്സര വേദികളിൽനിന്നും സമ്മാനങ്ങൾ നേടി കൂടുതൽ വേദികളിലേക്ക് ഓടിക്കൊണ്ടേയിരുന്നു. വലിയ ആൾക്കൂട്ടവും ആരവവും ഉയർത്തി നിരവധി വർഷങ്ങളിൽ മനീഷ അമച്വർ നാടക മത്സരവേദി ഒരുക്കിയതും ചരിത്രം.
നാടൻകലാമേളകൾ, കലോത്സവങ്ങൾ, സാംസ്കാരികോത്സവങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ. റിപ്പബ്ലിക് ദിന, സ്വാതന്ത്യദിന പരിസ്ഥിതിദിന, ഗാന്ധിജയന്തി ദിനാചരണങ്ങൾ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പ്രളയ ബാധിത മേഖലയിലെ വീടുകളുടെ ശുചീകരണം. അങ്ങനെ മനീഷയുടെ പ്രവർത്തനങ്ങൾ നിരവധിയാണ്. ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചത് 2000 ത്തിലാണ്. 2013 ൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ 2500 പുസ്തകങ്ങളുണ്ട്. അവ സൂക്ഷിക്കുന്നതിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ശ്രീ. എസ്. രാധാകൃഷ്ണൻ അലമാരകൾ അനുവദിച്ചു. ഇപ്പോൾ അദ്ദേഹം 43 ഇഞ്ച്) എൽ.ഇ.ഡി ടി.വിയും അനുവദിച്ചു. വളരെയേറ വിലപ്പെട്ട ഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെയുണ്ട്....
മനീഷയുടെ ആരംഭം മുതൽതന്നെ ബാലവേദി പ്രവർത്തനം നടന്നിരുന്നു. കഴിഞ്ഞ 12 വർഷങ്ങളിലേറെയായി 'വേനൽ പറവകൾ' എന്ന അവധിക്കാല ക്യാമ്പും വിനോദയാത്രയും മുടങ്ങാതെ നടക്കുന്നു.
പഠനോപകരണ വിതരണം. പി.എസ്.സി. കോച്ചിംഗ്, ബോധവത്കരണ ക്ലാസ്സുകൾ, സിനിമാ പ്രദർശനങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ നടത്താത്ത പ്രവർത്തനങ്ങളില്ല.
ഗ്രാമപഞ്ചായത്തിനെക്കൊണ്ട് പുതിയ വെയിറ്റിംഗ്ഷെഡ് നിർമ്മിക്കാനുള്ള ഇടപെടൽ നടത്തി. നീണ്ട 20 വർഷക്കാലം താല്ക്കാലിക വെയിറ്റിംഗ് ഷെഡ്) ഓരോ വർഷവും മനീഷയുടെ നേതൃത്വത്തിൽ പുതുക്കി പണിതുകൊണ്ടിരുന്നു....